കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് കോളേജിൽ നിന്നും ഡോ എം കെ റാമിനെയും, ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.
