ഒന്നരവയസ്സുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിര കൂടുതൽ പരാതികൾ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു.

ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കിയെന്ന് പരാതി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി എന്നിങ്ങനെ അഷ്കറിനെ കുറിച്ച് അതീവ ഗുരുതര സംശയങ്ങളാണ് ഉയരുന്നത്. വിവാഹബന്ധത്തിൽ നിന്ന് അഷ്കർ പിന്മാറിയതോടെ ചിറയിൻകീഴ് സ്വദേശിയായ യുവതി ജീവനൊടുക്കിയെന്നാണ് മൊഴികൾ. ഇതിന് പിന്നാലെയാണ് ആമിനയെ വിവാഹം കഴിച്ചത്. ആമിനയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയെന്ന പരാതിക്ക് പുറമേ ആമിനയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആമിനയെ സന്ദർശിച്ച മന്ത്രി ബിന്ദുകൃഷ്ണ കുഞ്ഞിന്റെ അച്ഛന്റെ മാതാപിതാക്കളെയും കണ്ടു.

കുഞ്ഞിന്റെ അമ്മ അഖിലയുടെയും അമ്മയെ വീട്ടിലെത്തി കണ്ടു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന പരാതിയിലും അഷ്കറിനെതിരായ ആമിനയുടെയും പരാതിയിലും പൊലീസ് വീഴ്ച വരുത്തിയെന്നാണ് മന്ത്രി പറഞ്ഞത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗർഭിണിയായിരിക്കെ അഖില പിണങ്ങിപ്പോയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഇതും അന്വേഷണ പരിധിയിലുണ്ട്. കൈ കൊണ്ടും വടി കൊണ്ടും കുഞ്ഞിനെ അഷ്കർ അടിക്കുന്നത് കണ്ടിരുന്നുവെന്നാണ് അഖിലയുടെ മൊഴി. എന്നിട്ടും കുഞ്ഞിനെ സംരക്ഷിക്കാൻ അഖില ശ്രമിച്ചില്ല. അഷ്കറിന്റെ ബന്ധുക്കൾ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *