തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ നാളെ ഇല്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വി ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്.

കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും

നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു വിജയ്. ഗവര്‍ണര്‍ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പിന്തുണ ഉറപ്പിക്കാമെന്ന് വിചാരിച്ചിരിക്കെയാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുള്ള നീക്കം.

നേരത്തെ എം എല്‍ എമാര്‍ക്കൊപ്പം എത്തിയാണ് വിജയ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് ടി വി കെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാന്‍ ഇനിയും സീറ്റുകള്‍ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്യെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ , സി പി എം , വി സി കെ എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വിജയ്ക്ക് വലിയ പ്രതിസന്ധിയായി മാറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *