ഇനി ഉറപ്പിക്കാമല്ലോ! ബേസിലിന്‍റെ ഫൈനല്‍ സിഗ്നല്‍? പുതിയ പോസ്റ്റ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍ ആരാധകര്‍

കൊച്ചി : പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തെ നായകനാക്കി ഒരു മലയാളി സംവിധായകന്‍ ചിത്രമൊരുക്കിയാലോ? അത്തരമൊരു പ്രോജക്റ്റിനെക്കുറിച്ച് ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ അത് അനൗണ്‍സ്മെന്‍റിന് അടുത്തെത്തിയെന്നാണ് സൂചന. അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ആണ് ചിത്രമൊരുക്കാന്‍ പോകുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അതിന്‍റെ സൂചനയെന്നോണമാണ് ബേസിലിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഐക്കണ്‍ എന്ന് എഴുതിയിരിക്കുന്ന ഒരു തൊപ്പിയുടെ ചിത്രമാണ് ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രം സ്റ്റോറി ആക്കിയിട്ടുമുണ്ട് ബേസില്‍. അതിനൊപ്പം കൊടുത്തിരിക്കുന്ന ഗാനമാവട്ടെ അല്ലു അര്‍ജുന്‍ നായകനായ ആര്യ 2 ലേത് ആണ്. ഇതോടെ ഈ പ്രോജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സിനിമാപ്രേമികള്‍, വിശേഷിച്ച് അല്ലു അര്‍ജുന്‍ ആരാധകര്‍. മലയാളികള്‍ മാത്രമല്ല, തെലുങ്ക് പ്രേക്ഷകരിലേക്കും അതിവേഗം ഈ പോസ്റ്റ് എത്തിയിട്ടുണ്ട്. ഈ പ്രോജക്റ്റ് ഉറപ്പിച്ചു എന്ന തരത്തിലാണ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു സിരീഷിന്‍റെ മാര്‍ച്ച് മാസത്തില്‍ നടന്ന പ്രീ വെഡ്ഡിംഗ് റിസപ്ഷനില്‍ ബേസില്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടുകെട്ടിനെക്കുറിച്ച് തെലുങ്ക് മാധ്യമങ്ങളിലടക്കം പിന്നാലെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബേസിലിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ധ്യാന്‍ ശ്രീനിവാസനും ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ഒരു പ്രൊമോഷണല്‍ അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. പിന്നാലെ വെറൈറ്റിയുടെ റിപ്പോര്‍ട്ടില്‍ അല്ലു അര്‍ജുന്‍റെ അപ്കമിം​ഗ് പ്രോജക്റ്റുകളില്‍ ഈ ചിത്രവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *