ഒരാൾക്കുകൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

മാഡ്രിഡ് : വീണ്ടും ഹാന്റ വൈറസ് സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്‌പെയിന്‍ സ്വദേശിയാണ് ഇയാൾ.

ഏപ്രിലില്‍ അര്‍ജന്റീനയില്‍ നിന്ന് പുറപ്പെട്ടതാണ് എംവി ഹോണ്ടിയസ് എന്ന വിനോദ സഞ്ചാര കപ്പല്‍. യാത്ര പുറപ്പെട്ടതിന് പിന്നാലെ മൂന്ന് യാത്രക്കാര്‍ ഹാന്റാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന്, വൈറസ് ബാധ നിയന്ത്രിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയപരിധാണ് ഇതെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധര്‍ പറയുന്നു. വരുന്ന ആഴ്ചയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും അവര്‍ വ്യക്തമാക്കി.

ഈ വൈറസ് സാധാരണയായി എലികളുമായി ബന്ധപ്പെട്ടാണ് കാണപ്പെടാറുള്ളതെങ്കിലും, കപ്പലില്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ക്ഷീണം, പനി, വിറയല്‍, ശരീരവേദന എന്നിവ ഉണ്ടാക്കുന്ന, ഇന്‍ഫ്‌ലുവന്‍സ പോലെ തോന്നിക്കാവുന്ന അപൂര്‍വ്വമായ ഒരു രോഗമാണിത്. കാലക്രമേണ, ഈ വൈറസ് ഹൃദയം, ശ്വാസകോശം അല്ലെങ്കില്‍ വൃക്കകള്‍ എന്നിവയെ തകരാറിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *