തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷയായുള്ള സംഭാഷണത്തിലാണ് ചാണ്ടി ഉമ്മൻ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെയാവണം സിനിമയെന്നും, ഉമ്മൻചാണ്ടിയുടെ വേഷം മമ്മൂട്ടി അഭിനയിച്ചാൽ നന്നാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമ. പിതാവിന്റെ ജീവിതയാത്ര. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ മുന്നോട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് അത്തരമൊരു ചിത്രം ആലോചിക്കുന്നതെന്നും” ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിന്റെ ലെഗസി ചരിത്രത്തിൽ രേഖപ്പെടുത്താൻ സിനിമയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയി അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിനും ചാണ്ടി ഉമ്മൻ മറുപടി നൽകി. സിനിമകൾ കാണാറുണ്ട്. അഭിനയം ആലോചിക്കാം. വേണമെങ്കിൽ വില്ലൻ റോളുകൾ ചെയ്യാം. ആരെങ്കിലും അഭിനയിക്കാൻ വിളിച്ചാലല്ലേ അഭിനയിക്കാൻ പറ്റുയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. താൻ വിളിച്ചാൽ വരുമോ എന്ന നാദിർഷായുടെ ചോദ്യത്തിന് വരാം എന്നായിരുന്നു ചാണ്ടിയുടെ മറുപടി. വിളിക്കുമ്പോൾ ഒഴികഴിവ് പറഞ്ഞ് മാറിക്കളയരുതെന്ന് നാദിർഷാ പറഞ്ഞു.
