നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും ‌

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. വി.ഡി സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്. ‘കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’, എന്ന ഒറ്റവരിക്കുറിപ്പിലായിരുന്നു മമ്മൂട്ടിയുടെ ആശംസ. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ആശംസകൾ നേർന്നത്.

‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ’, മോഹൻലാൽ കുറിച്ചു. നിയുക്ത മുഖ്യമന്ത്രിയെ ആൾക്കൂട്ടം തോളിലേറ്റിക്കൊണ്ടുപോവുന്ന ചിത്രം പങ്കുവെച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തെ വാർത്താസമ്മേളനത്തിലാണ് വി.ഡി സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *