കോൺഗ്രസ് നേതാവിന്റെ പാദപൂജ; നെഗറ്റീവ് പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ സംസ്കാരമെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി കോൺഗ്രസ് നേതാവിന്റെ പാദപൂജ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലയുടെ കാൽ കഴുകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഗുരുപൂർണിമയോട് ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെ ദൃശ്യങ്ങളാണ് നിലവിൽ കോൺഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങൾ കോണ്‍ഗ്രസ് സംസ്കാരത്തിന്റെ പ്രതീകമെന്ന് ബിജെപി ആരോപിക്കുന്നത്. സോഫയിൽ ഇരിക്കുന്ന നാനാ പട്ടോലയുടെ കാൽ രണ്ട് പുരുഷന്മാർ പാൽ അടക്കമുള്ളവ ഉപയോഗിച്ച് കഴുകുന്നതും പൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. നാനാ പട്ടോലയുടെ കാലിന് സമീപത്തായി ആപ്പിളും ഓറഞ്ചും മാതള നാരകവും അടക്കമുള്ള പഴങ്ങളും വച്ചായിരുന്നു പൂജ. നെഗറ്റീവ് പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ സംസ്കാരം എന്നാണ് ബിജെപി വിമർശനം.

എന്നാൽ ഗുരുപൂർണിമ ദിവസം കുടുംബാംഗങ്ങളാണ് കാൽകഴുകിയതെന്ന് വിശദമാക്കിയ പട്ടോലെ ബിജെപി വിമർശനം തള്ളി. ഇതിന് പുറമേ ബിജെപിക്ക് മറ്റുള്ളവരോട് സംസ്കാരത്തേക്കുറിച്ച് ഉപദേശിക്കാൻ അർഹതയില്ലെന്നും പട്ടോലെ തിരിച്ചടിച്ചു. രാജ്യത്തെ ജനങ്ങൾ ഭണ്ഡാരത്തിലേക്ക് നൽകിയ പണം കൊള്ളയടിച്ചവർ ഉപദേശിക്കാൻ വരേണ്ടെന്നുമായിരുന്നു നാനാ പട്ടോലെയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *