കൊച്ചി: മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്നതാണ് പേട്രിയറ്റിന്റെ പ്രധാന ഹൈലൈറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. തതവസരത്തിൽ പേട്രിയറ്റിന് ആശംസകൾ അറിയിച്ച് കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിവെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ആന്റോ ജോസഫിനെ കുറിച്ചും പറയുന്നുണ്ട്. മുൻവിധിയില്ലാതെ സിനിമ കാണണമെന്നും പ്രേക്ഷകരോടായി അദ്ദേഹം പറഞ്ഞു.
നാളെ ‘പാട്രിയറ്റ്’ തീയറ്ററുകളിലെത്തുകയാണ്. ശ്രീ.മമ്മൂട്ടിയും ശ്രീ.മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആൻ്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, ‘എംമ്പുരാ’നിലൂടെ ആൻ്റെണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്റെ പറഞ്ഞു
