കെ. സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തില്‍ നിരീക്ഷകരുടെ യോഗം തുടരുമ്പോഴും കെ. സി വേണുഗോപാലിന്‍റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കുന്നില്ല. ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല്‍ ​ഗാന്ധി കടുത്ത അമര്‍ഷത്തിലാണ്. എംഎല്‍എമാരുടെ ഭൂരിപക്ഷം നേടിയാലും കെ. സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാണ്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. സിയെ കേരളത്തിലേക്ക് അയക്കണമോ എന്നതിൽ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ ​ഗാന്ധി മനസ് തുറന്നില്ലെന്നാണ് സൂചന.

കെ സിയെ പോലെ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള മറ്റൊരാള്‍ തല്‍ക്കാലം ഡൽഹിയിലില്ല. മുഖ്യമന്ത്രി സ്ഥാനുത്തേക്കുള്ള മത്സരത്തില്‍ കെ.സി വേണുഗോപാല്‍ ഉറച്ച് നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തക്ക് കെ.സി അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യമുയരുമ്പോള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത രമേശ് ചെന്നിത്തലക്കാണ്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള അടുപ്പം ചെന്നിത്തലക്ക് മുതല്‍ കൂട്ടാകും. തനിക്ക് നറുക്ക് വീണില്ലെങ്കില്‍ കെ. സി നിര്‍ദ്ദേശിക്കുക ചെന്നിത്തലയെയായിരിക്കും. എന്നാല്‍ ജനവികാരം മാനിക്കണമെന്ന ലീഗിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം.

മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി എംപിമാരയും ഉടന്‍ ഡൽഹിക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം മുഖ്യമന്ത്രിയാകാന്‍ ഭരണപരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വി. ഡി സതീശന്‍ കേന്ദ്ര നേതൃത്വത്തിന് സന്ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും, വി. എസ് അച്യുതാന്ദനും മുഖ്യമന്ത്രിമാരായപ്പോള്‍ എന്ത് ഭരണപരിചയം ഉണ്ടായിരുന്നുവെന്നാണ് സതീശന്‍ ചോദിക്കുന്നത്. കാഴ്ചപ്പാടും, ടീം കെട്ടിപ്പടുക്കാനുള്ള ശേഷിയുമാണ് പ്രധാനം. ഉത്തരേന്ത്യയിലെ പരാജയങ്ങള്‍ക്ക് സംഘടന ദൗര്‍ബല്യം കാരണമാണെന്ന് പറഞ്ഞ് കെ. സി വേണുഗോപാലിനെതിരെ സതീശന്‍ ഒളിയമ്പെയ്യാനും ശ്രമിക്കുന്നുണ്ട്. എന്തായാലും മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ഡൽഹിയിലടക്കം ഫ്ലക്സ് യുദ്ധവും രൂക്ഷമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *