തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിൽ അനുകൂലിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിക്ക് ലോകം ചുറ്റുന്നതിലാണ് ശ്രദ്ധ. രാജ്യത്തെ പുതിയ തലമുറ അസ്വസ്ഥരാണ് എന്നതിന്റെ തെളിവാണ് കോക്രോച്ച് ജനതാ പാർട്ടിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയി നിയമിച്ചതിൽ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം. ഈ നിയമനത്തിൽ അമർഷം പ്രകടിപ്പിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ സർവീസിലെ മികവ് പരിഗണിച്ചുള്ള നിയമനം എന്നാണ് കോൺഗ്രസിന്റെ പ്രതിരോധം.
