‘ഇരട്ടചങ്കൻ’ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുമനുഷ്യൻ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ വക്താവ്. കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട, ഇത്രയേറെ ജനസ്വാധീനമുള്ള മറ്റൊരു നേതാവുണ്ടോ എന്നത് സംശയമാണ്. കണ്ണൂരിലെ പിണറായി എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് വളർന്ന്, പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി രണ്ട് തവണ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ പോലീസിന്റെ ക്രൂരമർദനങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട നേതാവ്. പാർട്ടി സെക്രട്ടറിയായി ദീർഘകാലം പ്രസ്ഥാനത്തെ നയിച്ച, പ്രതിസന്ധികൾ ഉണ്ടായപ്പോഴും പതറാതെ നിന്ന ‘ഇരട്ടച്ചങ്കൻ’.

പ്രളയവും മഹാമാരിയും കേരളത്തെ വിറപ്പിച്ചപ്പോൾ, ഒരു ജനതയെ മുഴുവൻ ചേർത്തുപിടിച്ച് ‘നമ്മൾ അതിജീവിക്കും’ എന്ന് ലോകത്തിന് മുന്നിൽ ഉറക്കെ പ്രഖ്യാപിച്ച നായകൻ. വികസനത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറന്ന ഭരണാധികാരിയായും, ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായും അദ്ദേഹം തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മുന്നിൽ ഒരിക്കലും പതറാത്ത ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. വാക്കുകളിൽ ഇടിമുഴക്കമുള്ള, തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന പിണറായി വിജയൻ എന്ന രാഷ്ട്രീയ വിസ്മയം എൺപത്തിയൊന്നിന്റെ നിറവിലും കർമ്മപഥത്തിൽ സജീവമാണ്.

പക്ഷേ, ഇന്നലെകളിൽ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വത്തിന്റെ പ്രതീകമായിരുന്ന ‘ക്യാപ്റ്റൻ’ ഇന്ന് സ്വന്തം അണികളിൽ നിന്നും കമ്മറ്റികളിൽ നിന്നും കടുത്ത വിമർശനങ്ങളുടെ മുൾമുനയിലാണ്. എൽ.ഡി.എഫിന്റെ ദയനീയമായ തകർച്ചയ്ക്ക് കാരണം മറ്റാരുമല്ല, പിണറായി വിജയൻ എന്ന വ്യക്തിയുടെ കേന്ദ്രീകൃത ഭരണശൈലിയാണെന്നാണ് സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റികളിൽ നിന്ന് ഒരേ സ്വരത്തിൽ ഉയരുന്ന ആക്ഷേപം. പാർട്ടി എന്നത് ഒരാളിലേക്ക് മാത്രം ചുരുങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാതലായ ‘കൂട്ടായ ചർച്ചകൾ’ വഴിമാറിപ്പോയെന്നാണ് വിമർശകർ ആരോപിക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുത്തത് പോലും പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. വെടിയുണ്ടകളെയും അടിയന്തരാവസ്ഥയുടെ ഇരുട്ടറകളെയും ഭയക്കാത്തവനെന്ന് പാർട്ടി അണികൾ വിശേഷിപ്പിക്കുന്ന ‘ഇരട്ടച്ചങ്കൻ’ ഇപ്പോഴത്തെ ഉൾപ്പാർട്ടി വിചാരണയെ എങ്ങനെ നേരിടും എന്നതാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *