ഡൽഹി: കോക്ക് റോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു. 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുള്ള അക്കൗണ്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് വിലക്കിയിരുന്നു.
അതേസമയം, സിജെപി മൂവ്മെന്റിനെതിരായ കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കെ.സി. വേണുഗോപാലും രംഗത്തെത്തി. രാജ്യത്ത് തൊഴിലില്ലായ്മയും, വിലക്കയറ്റവും രൂക്ഷമാണെന്നും, ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളി വിടുന്നതിന് ഉത്തരവാദി ആരാണെന്ന് കെ സി വേണുഗോപാൽ ചോദിക്കുകയും ചെയ്തു. സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോക്ഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ പരിഹരിക്കാൻ ശ്രമിക്കണം, അല്ലാതെ അതിനെ അടിച്ചമർത്താൻ അല്ല ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണു ഇറങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാഥാസ്ഥിതിക വ്യവസ്ഥിതിക്കെതിരായ യുവജനരോഷത്തിൽ ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒലിച്ചു പോകുന്ന കാലം വിദൂരമല്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പും പ്രതികരിച്ചു.
