ലോർഡ്‌സിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വിരമിക്കൽ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്‌സിൽ ചരിത്ര സെഞ്ച്വറി കുറിച്ചതിന് പിന്നാലെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോർഡ്‌സിലെ മൂന്നാം ഏകദിന മത്സരം രോഹിത്തിന്‍റെ അവസാന മത്സരമായിരിക്കുമെന്ന മാധ്യമ വാർത്തകളെയും വിമർശകരെയും തന്‍റെ ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും ഒരേപോലെ നിഷ്പ്രഭമാക്കുകയായിരുന്നു ഹിറ്റ്‌മാന്‍. മത്സരത്തിന് ശേഷം ബിസിസിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പുറത്തുനടക്കുന്ന ബഹളങ്ങളെ രോഹിത് തള്ളിക്കളഞ്ഞത്.

എന്‍റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ച കാലം തൊട്ട് എന്നോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇതാണ്, അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും. ഞാൻ ടീമിൽ എത്തിയ അന്നുതൊട്ട് ഈ ബഹളങ്ങളെല്ലാമുണ്ട്. ഞാൻ ഇവിടെയുള്ളിടത്തോളം കാലം ഈ ബഹളങ്ങൾ തുടര്‍ന്നുകൊണ്ടേയിരിക്കും. അതെന്നെ ബാധിക്കുന്നേയില്ല. മൈതാനത്ത് ഞാൻ എന്ത് ചെയ്യുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ടീമിന്‍റെ വിജയത്തിന് സംഭാവന നൽകുക, അതിൽ മാത്രമാണ് എന്‍റെ ശ്രദ്ധ-രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *