ഡൽഹി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുനർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പുറത്തിറക്കി.
ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. തുഷാർ മേത്തയ്ക്ക് പുറമേ, അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. വിക്രംജിത്ത് ബാനർജി, കെ എം നടരാജ്, സുര്യപ്രകാശ് വി രാജു, എൻ വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരെ ആണ് പുനർനിയമിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷക മുഖകളിൽ പ്രമുഖനായ തുഷാർ മേത്ത, രാജ്യസുരക്ഷ, പൗരത്വം അടക്കം നിർണായക വിഷയങ്ങളിലുള്ള നിയമവ്യവഹാരങ്ങളിൽ സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ സർക്കാരിന് വേണ്ടി പതിവായി ഹാജരാകുന്നത് തുഷാർ മേത്തയാണ്.
