വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹം അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകി കയറ്റുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള വിഷയമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കർണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ ആരോപണം, മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് രംഗത്തെത്തി. 2023 ൽ മുൻ സർക്കാരിന്‍റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്നും 3 വർഷം തങ്ങൾ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *