‘മറുപടി പറയലല്ല മന്ത്രിയുടെ ജോലി’; ഡിഎച്ച്എസ് നിയമന വിവാദത്തിൽ പ്രതികരിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ.കെ.ജെ റീന നടത്തുന്ന നിയമപോരാട്ടത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിൽ 57,000 ത്തിൽപ്പരം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഹൈപ്പവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

രോഗങ്ങൾ കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ഏകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം മുതൽ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി സമ്മതിച്ചു.

എന്നാൽ രോഗം പടർന്നുപിടിച്ചതിന് ശേഷമാണ് തനിക്ക് വകുപ്പിന്റെ ചുമതല ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളോട്, എല്ലാ കാര്യങ്ങൾക്കും മറുപടി നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതിൽ തീരുമാനമെടുക്കേണ്ടത് ആഭ്യന്തരവകുപ്പാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *