ന്യൂഡൽഹി/ദുബൈ: യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ പുതിയ പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി. കരാർ റദ്ദാക്കിയതിനെതിരെയുള്ള കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്നു മാസത്തിനുള്ളിൽ റീ ടെൻഡർ പൂർത്തിയാക്കണമെന്നും അന്തിമ സംവിധാനം ഉണ്ടാകുന്നതുവരെ പാസ്‌പോർട്ട് – വിസാ സേവനങ്ങൾ തടസ്സപ്പെടരുതെന്നും കോടതി നിർദേശിച്ചു. പുതിയ കമ്പനികൾക്കോ കേന്ദ്രം നിർദേശിക്കുന്ന ഏജൻസിക്കോ താത്കാലികമായി സർവീസ് തുടങ്ങാമെന്നും പറഞ്ഞു.
ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പുതിയ കമ്പനികൾക്ക് സേവന കരാർ നൽകിയത് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ടെണ്ടർ നടപടികൾ സുതാര്യമല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ഒരു മാസത്തിനകം പ്രൊപ്പോസൽ വിളിക്കണമെന്നും നിർദേശിച്ചിരുന്നു. യുഎഇയിൽ അൽ ഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനുമാണ് പുതിയ സേവന കരാർ ലഭിച്ചിരുന്നത്.2026 ജൂലൈ ഒന്ന് മുതൽ പുതിയ സ്ഥാപനങ്ങളായിരുന്നു പാസ്‌പോർട്ട് സേവനങ്ങൾ നൽകേണ്ടിയിരുന്നത്. എന്നാൽ, ടെണ്ടർ ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയിൽ ഹർജി വന്നതോടെ പ്രവർത്തനം ആരംഭിക്കാനായിരുന്നില്ല.
