തിരുവനന്തപുരം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും സമീപനവും തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു കാലത്തുമില്ലാത്ത രീതിയിൽ വന്ദേമാതരം ആലാപനം നടത്തിയതിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ ചിട്ടയുണ്ട്. മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നത് ആർ എസ് എസ് ആണ്. എന്നാൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ യു ഡി എഫ് സർക്കാർ, ആർ എസ് എസ് നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്ന് തെളിഞ്ഞെന്നും പിണറായി വിമർശിച്ചു.
UDF സർക്കാരിന്റേത് RSS പ്രീണനം
