മനാമ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭാവിയിൽ യാതൊരുവിധ ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തില്ലെന്ന് ഒമാൻ. ബഹ്‌റൈനിൽ നടന്ന ജി.സി.സി – യു.എസ് സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ കടൽ നിയമ ഉടമ്പടികൾ പൂർണമായും പാലിച്ചുകൊണ്ട് കപ്പലുകൾക്ക് യാതൊരു അധിക നിരക്കുകളും ഇല്ലാതെ സ്വതന്ത്രമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ പുതിയ നിരക്കുകളോ നിയന്ത്രണങ്ങളോ വരുമോ എന്ന ആഗോള ഊർജ വിപണിയുടെ ഏറെ നാളത്തെ ആശങ്കകൾക്ക് വിരാമമിടുന്നതാണ് ഒമാന്റെ ഈ സുപ്രധാന പ്രഖ്യാപനം. കടലിടുക്കുമായി ബന്ധപ്പെട്ട ഭാവി ക്രമീകരണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും ഒമാൻ കൂട്ടിച്ചേർത്തു. കടലിടുക്കിന്റെ അതിർത്തി പങ്കിടുന്ന ഇറാനുമായി നാവിക സേവനങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഒമാന്റെ ഈ വിശദീകരണം.
ഹോർമുസ് കടലിടുക്കിൽ പുതിയ ട്രാൻസിറ്റ് ഫീസുകളുണ്ടാകില്ല
