ബപട്ല: ഇന്ത്യക്കാരിയായി മരിക്കണമെന്ന് ആഗ്രഹം. 94ാം വയസിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ നിയമ സഹായം ആവശ്യപ്പെട്ട് വയോധിക. ആന്ധ്ര പ്രദേശിലെ ബപട്ലയിലാണ് സംഭവം. കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന 94കാരിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാനായി ജില്ലാ കളക്ടറുടെ സഹായം തേടിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഇവർ കളക്ട്രേറ്റിലെത്തിയത്. ആന്ധ്രാ പ്രദേശിലെ ചിന്താഗുപാല ഗ്രാമവാസിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ ഭർത്താവിന്റെ മരണശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ക്യാൻസർ ചികിത്സാ വിദഗ്ധനായ മകനൊപ്പമായിരുന്നു കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ താമസിച്ചിരുന്നത്. 2000 ജൂലൈയിലാണ് ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചത്. രണ്ട് ദശാബ്ദത്തോളം അമേരിക്കൻ മണ്ണിൽ ജീവിച്ച ഇവർ 2018ൽ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. എങ്കിലും ഇവർ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. എന്നാൽ പ്രായം ഏറിവരുന്നതിനാലും ശാരീരിക അസ്വാസ്ഥ്യം കൂടിയതിനും പിന്നാലെയാണ് ജന്മനാട്ടിൽ ഇന്ത്യക്കാരിയായി തന്നെ മരിക്കണമെന്ന് അവർ ഉറപ്പിച്ചത്. പിന്നാലെയാണ് ഇവർ അധികൃതരുടെ സഹായം തേടിയത്. ശിഷ്ടകാലം ഇന്ത്യക്കാരിയായി ജന്മനാട്ടിൽ താമസിക്കണമെന്നാണ് കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ കളക്ടറോട് വിശദമാക്കിയത്. കളക്ടറുടെ മുന്നിൽ വച്ച് ഇത് സംബന്ധിയായ നടപടി ക്രമങ്ങൾ ഇവർ പൂർത്തിയാക്കുകയായിരുന്നു.
