അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആയി വിമാന കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് ആറ് പുതിയ ആഫ്രിക്കൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലുബുംബാഷി, ലാഗോസ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ അബുദാബി വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള 400-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് താൽക്കാലിക ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലേക്കുള്ള സർവീസുകളുമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രമുഖ നഗരങ്ങളിലേക്ക് സർവീസുകൾ തുടരും. ലണ്ടൻ, പാരിസ്, ന്യൂയോർക്ക്, ടൊറന്റോ തുടങ്ങി നൂറിലധികം നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി ലഭ്യമാണ്.
അതേസമയം ഫ്ലൈ ദുബായ് സെൻട്രൽ ഏഷ്യയിലേക്കും യൂറോപ്പിലെ ചെറിയ നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ചു. കോഴിക്കോട്, കൊച്ചി, ലഖ്‌നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് സ്ഥിരമായ സർവീസുകളുമുണ്ട്. ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും ആഫ്രിക്കയിലേക്കും വിമാനങ്ങൾ സർവീസ് നടത്തും.
