സ്മാർട്ട് വാഹനങ്ങളിലൂടെ കുറച്ചത് 40 ശതമാനം കാർബൺ പുറന്തള്ളൽ

അബുദാബി : നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ശുചീകരണവാഹനങ്ങളുടെ ഉപയോഗത്തിലൂടെ 40 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ ആറ് മാസത്തിലേറെയായി വാഹനവ്യൂഹം പ്രവർത്തിക്കുന്നു. വാഹനങ്ങളിലൂടെ പ്രതിവർഷം 1775 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സേവന നിലവാരം ഗണ്യമായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന 500-ലേറെ വാഹനങ്ങളാണ് മാലിന്യസംസ്കരണത്തിനായി പ്രവർത്തിക്കുന്നത്.

തത്സമയ ട്രാക്കിങ് സംവിധാനങ്ങൾ, 360 ഡിഗ്രി സ്മാർട്ട് ക്യാമറകൾ എന്നിവയുള്ള വാഹനത്തിൽ ഡേറ്റ ശേഖരണത്തിനായി അത്യാധുനിക സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി പ്രവർത്തന കാര്യക്ഷമതയും പ്രതികരണശേഷിയും വർധിപ്പിക്കാനായി. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാനുമുള്ള എമിറേറ്റിന്റെ ശ്രമങ്ങളാണ് നേട്ടത്തിൽ വ്യക്തമാകുന്നത്. എമിറേറ്റിലെ 94 ശതമാനം മാലിന്യവും മാലിന്യക്കൂമ്പാരങ്ങൾക്ക് പുറത്ത് സംസ്കരിക്കാനും സമ്പദ്‌ വ്യവസ്ഥയെ പിന്തുണയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *