വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു. ശേഷം ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യുമെന്നും ഹോർമുസിൽ പിന്നീട് ഇറാൻ പണം ഈടാക്കുമെന്നും ധാരണാപത്രത്തിലുണ്ട്.
അതേസമയം,ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.
