തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്. പിണറായി വിജയനെ ബന്ധിയാക്കിയിരുത്തി ഇഡി നടത്തിയ ഈ നാടകം ആർക്കുവേണ്ടിയിട്ടാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് ചോദിച്ചു. എക്സാലോജിക് കേസിൽ രേഖയുളള ഏക ട്രാൻസാക്ഷൻ വീണ വിജയന്റെ പേരിലാണ്. എന്നാൽ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും രേഖയില്ലാതെ പണം കൈപ്പറ്റിയിട്ടുണ്ട്. അവർക്കെതിരെ ഇഡി ഒരു ചെറുവിരൽ പോലും അനക്കാത്തത് എന്താണെന്നും തോമസ് ഐസക് ചോദിച്ചു. ഏതെങ്കിലും തരത്തിൽ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയനെ ബന്ധിയാക്കി നടത്തുന്ന ഈ നാടകം സതീശനും മോഡിയും തമ്മിലുള്ള ധാരണയുടെ ഫലമാണ് എന്ന് മനസ്സിലാകാത്ത ആരാണ് ഈ നാട്ടിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേരളം ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഇനി കാണാൻ പോകുന്നത്. സഖാവ് പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്ററും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും, കേരളം നവകേരളത്തിലേക്ക് നയിച്ച രാഷ്ട്രീയ നേതാവുമാണ്. അദ്ദേഹത്തെ വേട്ടയാടാൻ കേരളം സമ്മതിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
