‘സതീശൻ ഏത് പാർട്ടിയിലാണ്?’; വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പി. രാജീവ്

കൊച്ചി: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്നത് ബി.ജെ.പി. നിലപാടാണെന്ന് മുൻമന്ത്രി പി. രാജീവ്. മുസ്‌ലിം വിശ്വാസമനുസരിച്ച് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികൾ സ്വീകരിച്ച നിലപാട്. ഇതേകാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കുമ്പോൾ അതിൽ വർഗീയത ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ മനോഭാവം ബി.ജെ.പി.യുടേതാണെന്നും രാജീവ് പറഞ്ഞു.

പാർലമെന്റിൽ ദേവസ്വം ബോർഡിന്റെ കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടി വഖഫ് നിയമഭേദഗതിയിലെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് കെ.സി. വേണുഗോപാലാണ്. അപ്പോൾ കെ.സി. വേണുഗോപാലിനെ ഉദ്ദേശിച്ചാണോ മുഖ്യമന്ത്രി വർഗീയത പ്രചരിപ്പിക്കുന്നു എന്നുപറഞ്ഞത്? യഥാർഥത്തിൽ മുഖ്യമന്ത്രി ഏത് പാർട്ടിയുടെ കൂടെയാണ് നിൽക്കുന്നതെന്നും രാജീവ് ചോദിച്ചു.

വഖഫ് നിയമഭേദഗതിക്കുശേഷം ഇന്ത്യയിൽ ആദ്യമായി അത് നോട്ടിഫൈ ചെയ്തത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദവും രാജീവ് പൊളിച്ചു. കേരളത്തിലെ ഗസറ്റ് തീയതി 2026 ഫെബ്രുവരിയിലായിരുന്നെങ്കിൽ, മുസ്ലിംലീഗ് പ്രതിനിധികൂടി ഉൾപ്പെട്ട തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാർ 2025 നവംബറിൽതന്നെ അത് നോട്ടിഫൈ ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *