ലോകത്തെ ഏറ്റവും ശക്​തമായ രണ്ടാമത്തെ പാസ്പോർട്ട്​ ;​ അത്യപൂർവ വളർച്ച കൈവരിച്ച്​ യു.എ.ഇ പാസ്പോർട്ട്​

ദുബൈ: രണ്ട്​ പതിറ്റാണ്ടിനിടെ അത്യപൂർവ വളർച്ച കൈവരിച്ച്​ യു.എ.ഇ പാസ്​പോർട്ട്​. ലോകത്തെ തന്നെ ഏറ്റവും ശക്​തമായ രണ്ടാമത്തെ പാസ്പോർട്ടായി ​ യു.എ.ഇ പാസ്പോർട്ട്​ മാറി​. അയാട്ടയുടെ ടൈമാറ്റിക്​ ഡാറ്റ അനുസരിച്ച്​ ഒന്നാം സ്ഥാനത്ത്​ സിങ്കപ്പൂർ തുടരുകയാണ്​. ജപ്പാനും ദക്ഷിണ ​കൊറിയയും യു.എ.ഇക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്​. മൂന്നാം സ്ഥാനത്ത്​ സ്വീഡനാണ്​. സിങ്കപ്പൂർ പാസ്​പോർട്ടുള്ളവർക്ക്​ 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാൻ, ദക്ഷിണ കൊറിയ പൗരൻമാർക്ക്​ 188 കേ​ന്ദ്രങ്ങളിലേക്കും സ്വീഡിഷുകാർക്ക്​ 187 രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ​ചെയ്യാം. അഫ്​ഗാനിസ്താൻ, സിറിയ, ഇറാഖ്​, യമൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ്​ ഏറ്റവും ശക്​തി കുറഞ്ഞ പാസ്​പോർട്ടുള്ള രാജ്യങ്ങളുടെ സൂചികയിലുള്ളത്​.2006ൽ 35 രാജ്യങ്ങളിലേക്ക്​ മാത്രമാണ്​ യു.എ.ഇ പാസ്​പോർട്ടുള്ളവർക്ക്​ വിസ രഹിത-വിസ ഓൺ അ​​റൈവൽ യാത്ര സൗകര്യമുണ്ടായിരുന്നത്​. എന്നാൽ, 2026 ആയപ്പോ​ഴേക്കും ഇത്​ 188 രാജ്യങ്ങളായി വളർന്നു. 20 വർഷത്തിനിടെ 153 രാജ്യങ്ങളാണ്​ യു.എ.ഇ പാസ്​പോർട്ടിന്​ യാത്രാ സൗജന്യം ലഭ്യമാക്കിയത്​. ആകെ 227 രാജ്യങ്ങളിൽ 188 സ്ഥലങ്ങളിലേക്കും വിസയില്ലാതെ യു.എ.ഇ പൗരൻമാർക്ക്​ യാത്ര ​ചെയ്യാനാകും

യു.എ.ഇക്ക്​ ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവ്​ കൂടിയാണ്​ പാസ്​പോർട്ടിന്‍റെ ശക്​തി സൂചിപ്പിക്കുന്നത്​. നയതന്ത്ര- സാമ്പത്തിക മേഖലകളിൽ കൈവരിച്ച നേട്ടവും പാസ്​പോർട്ടിന്‍റെ സ്വീകാര്യതക്ക്​ കാരണമായിട്ടുണ്ട്​. അതേസമയം, 2006ൽ ലോകത്ത്​ ഏറ്റവും ശക്​തമായ പാസ്​പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക 20 വർഷം കഴിഞ്ഞപ്പോൾ പത്താം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *