ന്യൂഡൽഹി: എംപിയും നടിയുമായ കങ്കണ റണാവത്ത് നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ (ഗവേഷക വിഭാഗം) ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
കങ്കണ റണാവത്തിനോട് തന്റെ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് നിരുപാധികം പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നേഴ്സിംഗ് സമൂഹത്തെയും രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അപമാനിച്ചതിന് എം.പി നിബന്ധനകളില്ലാതെ പരസ്യമായ മാപ്പ് പറയണമെന്നാണ് ആവശ്യം.
മാധ്യമങ്ങളുമായുള്ള സമീപകാല അഭിമുഖങ്ങളിൽ, നഴ്സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിക്ക് “വിദേശ കൊളോണിയൽ ലുക്ക്” ആണെന്നും അത് “ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ടെന്നും” കങ്കണ പറഞ്ഞിരുന്നു. കൂടാതെ നഴ്‌സിംഗ് ഒരു ‘സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ’ ആണെന്നും കങ്കണ പരാമർശിക്കുകയുണ്ടായി. ലക്ഷക്കണക്കിന് വരുന്ന ആരോഗ്യപ്രവർത്തകരുടെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ് ജനപ്രതിനിധി കൂടിയായ കങ്കണയുടെ ഈ വാക്കുകളെന്ന് വിനീത് തോമസ് ചൂണ്ടിക്കാട്ടി. ഒരു നഴ്സിന്റെ മകൻ കൂടിയായ തനിക്ക് ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
.
