അമേരിക്കന്‍ സേനയുടെ ബോംബര്‍ വിമാനം തകര്‍ന്ന് 8 മരണം

കാലിഫോര്‍ണിയ: അമേരിക്കന്‍ സേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സേന അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.

അമേരിക്കന്‍ സേനയുടെ സബ് സോണിക് ശേഷിയുള്ള സ്ട്രാറ്റജിക് ബോംബറാണ് തകര്‍ന്നുവീണത്. കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേന താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. പതിവ് പരീക്ഷണ ദൗത്യത്തിനിടെ പ്രാദേശിക സമയം തിങ്കളാഴ്ടച 11.20ഓടെയാണ് അപകടമുണ്ടായതെന്ന് കേണല്‍ ജെയിംസ് ഹെയ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരെല്ലാം അമേരിക്കന്‍ പൗരന്മാരാണെന്നും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകാരും വിമാനത്തിലുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബേസിന്റെ റഡാര്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു തകര്‍ന്ന വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീഴുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമരുകയും ചെയ്തു. മരിച്ചവരുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, ജെയിംസ് ഹെയ്‌സ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എയര്‍ബേസിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *