തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസുടമകൾ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ അത് ബാധിച്ചു തുടങ്ങി. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്നും തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ലെന്നും കൃത്യം കണക്കുകൾ ഇന്ന് അറിയാമെന്നും സ്വകാര്യ ബസുടമകൾ പറഞ്ഞു.
സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേ
രളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിലെ അമരക്കാരായി. സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.
