കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ

കോഴിക്കോട്: കൗണ്‍സലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗണ്‍സലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്. തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് പാലാഴിയിലെ ഇയാളുടെ കൗണ്‍സലിംഗ് കേന്ദ്രത്തില്‍ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സക്കായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍, ചികിത്സയുടെ ഭാഗമാണെന്ന വ്യാജേന ഇയാള്‍ തന്ത്രപൂര്‍വം പെണ്‍കുട്ടിയെ മാത്രം സ്വന്തം കാറില്‍ കയറ്റി കോഴിക്കോട് ബീച്ച് പരിസരം, താമരശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത മാനസി ആഘാതത്തിലായ പെണ്‍കുട്ടി ഫെബ്രുവരി മാസത്തില്‍ തൃശ്ശൂര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുറ്റകൃത്യം നടന്നത് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പന്തീരാങ്കാവിലേക്ക് കൈമാറുകയായിരുന്നു. പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യഹിയ ഖാനെതിരേ സമാനമായ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *