ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം മുഴുവനായും പാടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 30-ാമത് വാര്‍ഷിക പരിപാടിയിൽ വന്ദേമാതരം മുഴുവനായും പാടി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ എസ്എഫ്‌ഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് വന്ദേമാതരം മുഴുവനായി പാടിയത്. വന്ദേമാതരം മുഴുവന്‍ പാടുന്നതില്‍ എസ്എഫ്‌ഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ് വൈസ് ചാന്‍സലറെ നേരിട്ട് വിളിച്ചാണ് എതിര്‍പ്പ് അറിയിച്ചത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ എന്നാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് വന്ദേമാതരം മുഴുവനായും പാടിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി നടന്ന മങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കയ്യെഴുത്ത് പോസ്റ്ററുകള്‍ പതിച്ചു.
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വന്ദേമാതര വിവാദം ഉയർന്നിരുന്നു. സഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തത്തിൽ പരസ്യമായി ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

സർക്കാർ മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും വഴങ്ങിയതുകൊണ്ടാണ് വന്ദേമാതരം ആലപിക്കാത്തതെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *