ഡൽഹി: ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണം നേരിട്ട രണ്ട് പേരും മുന്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ദ്ധന്‍ ആസാദുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.
സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇന്നലെ ഹര്‍ജികള്‍ പരിഗണിക്കവേ സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമെന്ന് കോടതി നീരീക്ഷിച്ചിരുന്നു. പ്രതിഷേധം നടന്നുവെന്ന കാരണത്താല്‍ മാത്രം ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കാനാവില്ല എന്നും കോടതി വാക്കാല്‍ പറഞ്ഞു. പരുക്കേറ്റ പൊലീസുകാരുടെ കുടുംബവും തങ്ങളുടെ വാദം കേള്‍ക്കണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ബിഹാര്‍ ബന്ദിലെ എ കെ 47 ഉപയോഗിച്ചുള്ള വെടിവെപ്പും ഹര്‍ജിക്കാര്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സിജെപിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുന്നറിയിപ്പ്. അതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കുമെന്ന് ബിഹാര്‍, അസം, രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്‍ഡിഎ ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാന നടപടി വേണമെന്നാണ് സിജെപി ആവശ്യം. അതേസമയം, സിജെപി സമരവേദിയില്‍ എത്തിയ ക്രിമിനലുകളെ കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂലൈ 20-നും 25-നും ഇടയില്‍ 2873 കുറ്റവാളികള്‍ ജന്തര്‍മന്തറില്‍ എത്തിയെന്നാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴി പൊലീസ് കണ്ടെത്തിയത്. കൊലപാതകം, ലൈംഗിക അതിക്രമം, POCSO തുടങ്ങിയ കൊടുംകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.
