‘ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ല’; നിലപാട് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ ഒപ്പംകൂട്ടാനില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. കളങ്കിതരായ വ്യക്തിത്വങ്ങളെ പാർട്ടിയിൽ ചേർക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കുക’ എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ ടിഎംസിയുടെ മുൻനേതാക്കളെ ബിജെപിയിലെടുത്തേക്കുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി.

പശ്ചിമബംഗാളിലെ ബിജെപിയുടെ വളർച്ചയ്ക്ക് കാരണക്കാർ താഴേക്കിടയിലുള്ള പ്രവർത്തകരാണെന്നും അല്ലാതെ പാർട്ടിമാറൽ കാരണമല്ലെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. ടിഎംസിയിൽനിന്ന് രാജിവെക്കുന്നവർക്ക് ബിജെപി അംഗത്വം നൽകുമോ എന്ന ചോദ്യം ഉദിക്കുന്നുപോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഎംസിക്ക് മുന്നിൽ ഞങ്ങളുടെ വാതിൽ അടയ്ക്കപ്പെട്ടതാണ്. 207 എംഎൽഎമാർ എന്ന നിലയിലെത്തിയത് ആരെയും ഇറക്കുമതി ചെയ്തിട്ടല്ല. ടിഎംസി നേതാക്കൾക്കെതിരേയാണ് ജനങ്ങൾ വോട്ടു ചെയ്തത്. ഇത്തവണത്തെ ഞങ്ങളുടെ രാഷ്ട്രീയതന്ത്രം അടിത്തട്ടിൽനിന്നാണ് ആരംഭിച്ചത്. കളങ്കിതരായ ആളുകളെ ഞങ്ങൾക്കെങ്ങനെ പാർട്ടിയിൽ ഉൾക്കൊള്ളിക്കാനാകും, അദ്ദേഹം ആരാഞ്ഞു.ടിഎംസിക്ക് ജനപിന്തുണ നഷ്ടമായെന്നും ഇപ്പോൾ അവർ ആഭ്യന്തര കലഹങ്ങളിൽ വലഞ്ഞിരിക്കുകയാണെന്നും സമിക് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *