തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരെ സ്ഥാനങ്ങളിൽനിന്ന് നിയമാനുസൃതമായി മാറ്റുന്നതിന് സ്വതന്ത്ര നടപടികൾ സ്വീകരിക്കുമെന്നും, ഈ ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തും. എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകുകയും ചെയ്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
