രാജി ആവശ്യം കൂസാതെ ധർമ്മേന്ദ്ര പ്രധാൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഫ്രാൻസിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാന്‍സിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കല്‍, സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ശക്തമായ പ്രതിഷേധവും രാജി ആവശ്യവും നേരിടുന്നതിനിടെയാണ് കേന്ദ്രമന്ത്രി പ്രധാനമന്ത്രിക്കൊപ്പം ഫ്രാന്‍സിലേക്ക് പറക്കുന്നത്. യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

‘ഭാരത് ഇന്നൊവേറ്റീവ്‌സ് 2026’ എന്ന പേരില്‍ ഫ്രാന്‍സില്‍ ജൂണ്‍ 14 മുതല്‍ 16 വരെ നടക്കുന്ന ടെക്‌നോളജി എക്‌സിബിഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ നൂതന സാങ്കേതിക സംരംഭങ്ങളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സുപ്രധാന പദ്ധതിയാണിത്. ഇതിനായാണ് ധര്‍മ്മേന്ദ്ര പ്രധാനും ഫ്രാന്‍സിലേക്ക് പോകുന്നത്.

വിമര്‍ശനം മുന്‍നിര്‍ത്തി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. യുവാക്കളുടെ പ്രതിഷേധ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് സിജെപി ജന്തര്‍മന്തറിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഒത്തുചേരുന്നുണ്ട്.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ച് വിവാദ വിഷയങ്ങളില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *