മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി അഖിൽ മാരാർ

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി തൃക്കാക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അയച്ച സന്ദേശങ്ങൾക്ക് അവർ നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ കാരണം വെളിപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിക്ക് അയച്ച മെസ്സേജിൽ ലഭിച്ച മറുപടി അഖിൽ മാരാർ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ കാണാം.

‘നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ നാവായി മാറണം. തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കണം. പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് മത്സരിക്കാനുള്ള കാരണം. എന്നെ അനുഗ്രഹിക്കണം.എനിക്കൊരു വോട്ട് നൽകണം. ഞാൻ ഒപ്പമുണ്ടാകും,’ എന്നതാണ് അഖിൽ മാരാർ മമ്മൂട്ടിക്ക് അയച്ച മെസ്സേജ്. ‘ബെസ്റ്റ് വിഷസ്’ എന്നാണ് മമ്മൂട്ടി ഇതിന് നൽകിയ മറുപടി. അതിന് നന്ദിയും അഖിൽ മാരാർ പറഞ്ഞിട്ടുണ്ട്.

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അതേ ദിവസം നടൻ മോഹൻലാലിനും ഇക്കാര്യം അറിയിക്കാനായി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ‘ലാലേട്ടാ അനുഗ്രഹിക്കണം’ എന്ന് തുടങ്ങുന്ന മെസ്സേജിന് ‘സ്നേഹവും പ്രാർത്ഥനകളും’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. ‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ….ഒരായിരം സ്നേഹം ലാലേട്ടാ. ഒരായിരം സ്നേഹം മമ്മൂക്കാ’ എന്ന കുറിപ്പോടെയാണ് ഈ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *