മലപ്പുറത്ത് ബ്രൗണ്‍ഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വന്‍ ബ്രൗണ്‍ഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. അസമില്‍നിന്നുമാണ് പ്രതികൾ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയത്. പരിശോധനകളിൽ പെടാതെ കേരളത്തിൽ വരെ എത്തിയെങ്കിലും വളാഞ്ചേരി പൊലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിന്‍റെ ഓപറേഷന്‍ തൂഫാനിൽ അസം സ്വദേശികൾ കുടുങ്ങി.

തിങ്കളാഴ്ച പുലര്‍ച്ചെ വളാഞ്ചേരി – പട്ടാമ്പി റോഡില്‍ കൊട്ടാരത്ത് വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പോലീസ് ജീപ്പ് തടയുകയായിരുന്നു. അസമിൽ നിന്നും ജീപ്പിലെത്തിയെന്ന് പറഞ്ഞതോടെ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. തിരൂര്‍ ഡി വൈ.എസ്.പി എ. എം. സി ദ്ദീഖ്, നാര്‍കോട്ടിക് സെല്‍ ഡി വൈ.എസ്.പി എന്‍.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്ബാബു, പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍, വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എം. നിര്‍മല്‍ കൂടാതെ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *