ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ലാഹോർ: ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, സൽമാൻ അലി ആഗ, ഷദാബ് ഖാൻ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാൻ ഏഷ്യൻ ഗെയിംസിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഓപ്പണര്‍ സാഹിബ്സാദ ഫർഹാനാണ് ടീമിനെ നയിക്കുന്നത്. അബ്ദുൾ സമദാണ് വൈസ് ക്യാപ്റ്റൻ. സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ഏഷ്യൻ ഗെയിംസില്‍ 24-നാണ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 3-നാണ് മെഡൽ മത്സരങ്ങൾ.

യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമില്‍ 30-കാരനായ സാഹിബ്സാദ ഫർഹാൻ ആണ് പരിചയസമ്പന്നനായ താരം. പാകിസ്ഥാനായി 46 ടി20 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും 10 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 1,305 റൺസ് ഫര്‍ഹാൻ നേടിയിട്ടുണ്ട്. 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ ടോപ്പ് സ്കോററുമായിരുന്നു ഫർഹാൻ. ആകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്, സാദ് മസൂദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. വിക്കറ്റ് കീപ്പറായി ഉസ്മാൻ ഖാൻ ടീമിലിടം നേടിയപ്പോൾ അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, അരാഫത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മുഹമ്മദ് സൽമാൻ മിർസ, സയിം അയൂബ്, സുഫ്യാൻ മുഖീം എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. 2023-ലെ ഏഷ്യൻ ഗെയിംസിൽ പാകിസഥാൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ടീം: സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, ആകിഫ് ജാവേദ്, അലി റാസ, അരാഫത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സുഫ്യാൻ മുഖീം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).

Leave a Reply

Your email address will not be published. Required fields are marked *