തിരുവനന്തപുരം: സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. എം ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിച്ചിട്ടില്ല. ഒരു തരത്തിലുള്ള കാവിവല്‍ക്കരണത്തോടും സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചായകുടിച്ച് ധാരണയുണ്ടാക്കിയതിന്റെ ഫലം അനുഭവിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മള് പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇക്കാര്യത്തിലെടുത്ത നിലപാടാണ് ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും ഉള്ളത്. ഗവര്‍ണര്‍ സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ തുടങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. കേരളത്തിലങ്ങനെ ഒരു ചരിത്രം മുന്‍പെങ്ങും ഉണ്ടായിട്ടില്ലെന്നും റോജി എം ജോൺ പറഞ്ഞു.
എംജി സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നാമനിര്‍ദ്ദേശം ചെയ്തത് ബിജെപി- ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയായിരുന്നു. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയായിരുന്നു ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ സിപിഐഎമ്മും എസ്എഫ്ഐ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
