പിഎം ശ്രീ: കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല; മന്ത്രി ഷാജി

തിരുവനന്തപുരം: പിഎം ശ്രീ’യുമായി ബന്ധപ്പെട്ട് നടത്തിയ നിലപാട് മാറ്റി മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ, പിഎം ശ്രീ പദ്ധതി സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ ഒരു ‘ഡീൽ’ ആണെന്നായിരുന്നു ഷാജിയുടെ ആരോപണം. എന്നാൽ മന്ത്രിസ്ഥാനത്തെത്തിയപ്പോൾ, കഴിഞ്ഞ സർക്കാർ എടുത്ത ഒരു സമീപനത്തിൽ നിന്നും പെട്ടെന്ന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പിഎം ശ്രീ പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലെറിയുമെന്ന് മുൻപ് ഷാജി പ്രസംഗിച്ചിരുന്നു. എന്നാൽ, നിലവിൽ താനൊരു ഉത്തരവാദിത്വപ്പെട്ട മന്ത്രിയാണെന്നും മുൻ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേന്ദ്ര ഫണ്ട് പൂർണമായി വേണ്ടെന്ന് വെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

‘അറബിക്കടലിൽ എറിയും’ എന്ന തന്റെ പഴയ പ്രസ്താവന കേവലം ഒരു രാഷ്ട്രീയ പ്രയോഗം മാത്രമാണ്. ഒരു രാഷ്ട്രീയ പ്രസംഗത്തിൽ പദ്ധതിയെ എതിർക്കുന്നു എന്ന് കാണിക്കാനാണ് അത്തരം വാചകങ്ങൾ ഉപയോഗിച്ചത്. അത് പുസ്തകങ്ങൾ കൊണ്ടുപോയി കടലിൽ എറിയുക എന്നല്ല അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസനയം ഈ പദ്ധതിയിലൂടെ വിദ്യാലയങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവിധ സംഘടനകൾ യോഗം ചേർന്ന് സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനം ഉന്നയിച്ചു. ആശയപരമായ കടന്നുകയറ്റത്തെ കാരണവശാലും അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *