കേരള കോൺഗ്രസുകൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകം

കോട്ടയം: നല്ല മുന്നേറ്റം നടത്തണം, ഇല്ലെങ്കിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്. വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കും. അത് പിളർപ്പിനും ഇടയാക്കിയേക്കും. കേരള കോൺഗ്രസ് എമ്മിന് മത്സരിച്ച 12 സീറ്റിൽ, കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിർത്താനായാൽ മാത്രം പോരാ. ചെയർമാൻ ജോസ് കെ.മാണിക്ക് പാലായിൽ തട്ടകം ഉറപ്പിക്കുകയും വേണം. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും.

പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി ജോസായിരിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നടപടി, ജോസിനെ സ്നേഹിക്കുന്നവർക്ക് അമർഷമുണ്ടാക്കിയിരുന്നു. ജോസ് പക്ഷേ, റോഷിയോട് മൃദുസമീപനമാണ് സ്വീകരിച്ചത്. അതൊരു കലഹസാധ്യത ഒഴിവാക്കുകയും ചെയ്തു. പാർട്ടിയിലെ ശാക്തിക തുലനാവസ്ഥ നിലനിർത്താൻ രണ്ടുപേരും ജയിക്കണം. എന്നാൽ രണ്ടുപേരും കടുത്ത മത്സരമാണ് നേരിട്ടത്. നിലവിലെ സാഹചര്യത്തിൽ അവരുടെ ഉറപ്പുള്ള സീറ്റ് കാഞ്ഞിരപ്പള്ളി മാത്രമാണ്. റാന്നി, പൂഞ്ഞാർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും കടുത്ത പോരാട്ടമായിരുന്നു.

മറുവശത്ത് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിന് യു.ഡി.എഫിനുള്ളിൽ സ്വന്തമായ ഒരു അടയാളപ്പെടുത്തലിന്റെ ആവശ്യകതയുണ്ട്. പഴയ പത്തിൽനിന്ന് കോൺഗ്രസ് രണ്ടെണ്ണം മടക്കിവാങ്ങിയത്, അത്രയൊക്കെ മതി എന്നൊരു ധ്വനി നൽകിയാണ്. കിട്ടിയ എട്ടിൽ ഏഴെണ്ണം വരെ ജയിക്കാം എന്നാണ് പാർട്ടിയുടെ കണക്ക്. കൈവശമുള്ള രണ്ടിൽനിന്ന് എത്ര കൂടുതൽ വന്നാലും അവർക്ക് നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *