യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകളുടെ സുരക്ഷ വർധിപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നിൽക്കേ, ഇറാനില്‍ നിന്നും പുതിയ വാര്‍ത്ത വരികയാണ്. ആണവപദ്ധതിയുടെ ഭാഗമായി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം യുഎസ് സൈന്യം പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, അതിന്റെ സുരക്ഷ അപകടകരമാം വിധം വർധിപ്പിച്ചിരിക്കുകയാണ് ഇറാൻ. യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകള്‍ ഇറാന്‍ അടച്ചുപൂട്ടുകയും അവിടെ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും സ്ഥാപിക്കുകയും ചെയ്തു. ഇവിടെയുള്ള തുരങ്കങ്ങള്‍ തകര്‍ക്കുകയും പ്രവേശന കവാടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കെണിയൊരുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാനും അമേരിക്കയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ടു വെച്ച പ്രധാന ആവശ്യമായിരുന്നു ഈ യുറേനിയം ശേഖരം സുരക്ഷിതമാക്കുക എന്നത്. ഇക്കാര്യം അമേരിക്കയുടെ പ്രധാന മുന്‍ഗണനയാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചിച്ചിരുന്നു. ഇത് പിടിച്ചെടുക്കാന്‍ യുഎസ് സൈന്യത്തിന് താന്‍ ഉത്തരവ് നല്‍കിയേക്കുമെന്ന് ട്രംപ് പരസ്യമായി സൂചന നല്‍കിയിരുന്നു. മേയ് പകുതിയോടെ, യുറേനിയം പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം തയ്യാറെടുത്തതായി വാര്‍ത്തകൾ വന്നിരുന്നു. പിന്നീട്, അപകടസാധ്യത മുന്‍നിര്‍ത്തി അമേരിക്ക പദ്ധതി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. ബലം പ്രയോഗിച്ച് യുറേനിയം വീണ്ടെടുക്കുന്നതിലെ അപകടസാധ്യത ട്രംപ് നേരത്തെ സമ്മതിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്, ഇറാന്‍ പുതിയ സജ്ജീകരണങ്ങള്‍ സ്ഥാപിച്ചത്. ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച അര ടണ്ണോളം വരുന്ന യുറേനിയമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ഈ യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും മധ്യ ഇറാനിലെ ഇസ്ഫഹാന്‍ ആണവ സമുച്ചയത്തിലെ തുരങ്കങ്ങളിലാണെന്നാണ് കരുതുന്നത്. ഇതിന്റെ ചില ഭാഗങ്ങള്‍ മറ്റ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചതായും അമേരിക്കന്‍ ഇന്റലിജന്‍സ് കരുതുന്നു. ഇവ സൂക്ഷിച്ച ഭൂഗര്‍ഭ അറകളുടെ തുരങ്കം തകര്‍ക്കുകയും ഇവിടെ കുഴിബോംബ് സ്ഥാപിക്കുകയും ചെയ്തതായാണ് പുതിയ വിവരം. അങ്ങനെ വന്നാല്‍, അവിടെ എത്തിച്ചേരുക പഴയതിലും ബുദ്ധിമുട്ടായിരിക്കും. ഇറാന് പോലും അത് നീക്കം ചെയ്യാന്‍ പ്രയാസമായിരിക്കും. യുഎസ്-ഇറാന്‍ സമാധാന കരാറില്‍ യുഎസ് മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥ സമ്പുഷ്ട യുറേനിയം യുഎസിന് കൈമാറണമെന്നതായിരുന്നു. യുറേനിയം അവിടെ വെച്ചുതന്നെ നശിപ്പിക്കുകയും പിന്നീട് ഇറാന് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു യുഎസ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *