കുവൈത്ത് സിറ്റി: പ്രവാസി നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റുകൾ നൽകുന്ന പുതിയ പദ്ധതിക്ക് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ . ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളുടെ ഉടമകൾ, പാർട്ണർമാർ, മാനേജർമാർ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി(ഡി.ഐ.പി.എ) അംഗീകരിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥർ, കൂടാതെ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ ദീർഘകാല വിസയ്ക്ക് അർഹതയുണ്ടായിരിക്കും.
നിക്ഷേപ സ്ഥാപനത്തിന് ഡി.ഐ.പി.എ നൽകിയ സാധുതയുള്ള നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന നിക്ഷേപകനോ എക്സിക്യൂട്ടീവോ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ കമ്പനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. അപേക്ഷകർ സാധുതയുള്ള പാസ്‌പോർട്ടും അതോടൊപ്പം ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന എല്ലാ രേഖകളുടെയും വിവരങ്ങളുടെയും കൃത്യത ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട നിക്ഷേപ സ്ഥാപനത്തിനായിരിക്കും. റെസിഡൻസി പെർമിറ്റിന് അപേക്ഷിക്കുന്ന സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്ത് ദിനാർ നിക്ഷേപ മൂല്യവും കുറഞ്ഞത് 10 ലക്ഷം ദിനാർ അടിസ്ഥാന മൂലധനവും ഉണ്ടായിരിക്കണം. ഈ മൂലധന തുക കുവൈത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതിന്റെ കൃത്യമായ രേഖകളും ഹാജരാക്കണം. കുവൈത്തിലെ സ്വദേശിവത്കരണത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് കുവൈത്തി ജീവനക്കാരുടെ എണ്ണം കമ്പനികൾ ഉറപ്പാക്കുകയും വേണം.
