ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ പുതിയ പ്രതിസന്ധി. ട്രഷററും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ് പാർട്ടി അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടു. 676 കോടി രൂപയുള്ള പാർട്ടി അക്കൗണ്ട് മരവിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഒപ്പിട്ട ചെക്കുകൾ വിമതർ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം, അരൂപ് ബിശ്വാസ് ഇപ്പോൾ ട്രഷറർ അല്ലെന്ന് ടിഎംസി അറിയിച്ചു. ഈ മാസം അഞ്ചിന് ചേർന്ന യോഗത്തിൽ പുതിയ ട്രഷററെ നിയമിച്ചെന്നുമാണ് വിശദീകരണം.
കായിക മന്ത്രിയായിരിക്കേ മെസ്സിയെ കൊണ്ടുവന്ന് വിവാദത്തിലായ അരൂപ് ബിശ്വാസിന് ഇന്നലെ കോടതിയിലെത്തിയപ്പോൾ അഭിഭാഷകരടക്കം മുട്ടയെറിഞ്ഞിരുന്നു. പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങളും പ്രതിസന്ധികളും ഉടലെടുത്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.
യുവനേതാവ് അർണബ് ബാനർജിയെ സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. കൂടാതെ ന്യൂനപക്ഷ സെൽ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു.
