കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 1,07,120 രൂപയായി. ഗ്രാമിന് 13,390 രൂപയുമായി. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ വന്‍ ഇടിവിന് കാരണമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ആഘാതം ഇറാന് യുദ്ധം യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ പലിശനിരക്ക് ചിലപ്പോള്‍ ഉയര്‍ത്തേണ്ടി വരുമെന്ന സൂചനയും യുഎസ് കേന്ദ്രബാങ്ക് നല്കി. ഇതോടെയാണ് സ്വര്‍ണവില ഇടിഞ്ഞത്. ആഗോളവിപണിക്ക് അനുസൃതമായി കേരളത്തില്‍ ഇന്നലെ പവന് വില 2680 രൂപ കുറഞ്ഞ് 1,06,960 രൂപയായിരുന്നു. പിന്നാലെയാണ് ഇന്നത്തെ നേരിയ വര്‍ധന. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4155 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 64.84 ഡോളര്‍ എന്ന നിലയിലുമാണ്. യുദ്ധാനന്തരം സ്വര്‍ണവിലയില്‍ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
