ദുബായ്: യുഎഇയിൽ ഇന്ന് വർഷത്തിലെ തന്നെ ഏറ്റവും നീളമേറിയ പകൽ അനുഭവപ്പെടും. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ പ്രതിഭാസമാണ് ഇതിന് കാരണം. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഇത് മേഖലയിലെ ഏറ്റവും ചൂടുകൂടിയ കാലയളവിന്റെ തുടക്കം കൂടിയാണ്.
യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12:25-നാണ് സമ്മർ സോൾസ്റ്റിസ് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ ഭൂമിക്ക് ആപേക്ഷികമായി അതിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കർക്കടക രേഖയ്ക്ക് തൊട്ടുമുകളിലെത്തും. ജൂൺ 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ യുഎഇയിലെ പകലിന്റെ ദൈർഘ്യം ഏകദേശം 13 മണിക്കൂറും 50 മിനിറ്റുമായിരിക്കും. ഇത് വർഷത്തിലെ ഏറ്റവും പ്രകാശമേറിയ സമയമാണ്. സൂര്യൻ കർക്കടക രേഖയ്ക്ക് തൊട്ടുമുകളിൽ വരുന്നതിനാൽ, ഈ രേഖ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴലുകൾ പൂർണ്ണമായും അപ്രത്യക്ഷമാകും.
അറേബ്യൻ ഉപദ്വീപിലുടനീളം ഉച്ചസമയത്തെ നിഴലുകളുടെ വലിപ്പം വർഷത്തിലെ ഏറ്റവും ചെറിയ അളവിലേക്ക് ചുരുങ്ങുകയും ചെയ്യും. സെപ്റ്റംബറിലെ ശരത്കാല വിഷുവം വരെ ഇനി പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരും. ഏറ്റവും നീളമേറിയ പകലാണെങ്കിലും, സമ്മർ സോൾസ്റ്റിസ് ദിവസമായിരിക്കില്ല വേനലിലെ ഏറ്റവും ചൂടുകൂടിയ ദിവസം. വരും ആഴ്ചകളിൽ ഭൂമിയും കടലും കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതോടെയാണ് താപനില കുതിച്ചുയരുക. ഗൾഫ് മേഖലയിൽ സാധാരണയായി ജൂലൈ മാസത്തിലും ഓഗസ്റ്റ് പകുതി വരെയുമാണ് കടുത്ത ചൂട് അനുഭവപ്പെടാറുള്ളത്.
