പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ; 55000 രൂപ നഷ്ടപരിഹാരം

നെല്ലൂർ: പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്താം ക്ലാസുകാരിയുടെ പിറന്നാളിന് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു. ചോക്ലേറ്റ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വീട്ടുകാർ പരാതി നൽകിയത്. നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 55000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോക്ലേറ്റ് നിർമ്മാതാക്കൾക്കും റീട്ടെയിൽ വ്യാപാരിക്കുമാണ് കൺസ്യൂമർ കോടതി വൻ പിഴ ചുമത്തിയത്. പരാതിക്കാരൻ 10 വയസുകാരിയായ മകളുടെ പിറന്നാൾ ആഘോഷത്തിൽ അതിഥികളായി എത്തുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ആണ് 210 രൂപ വിലയുള്ള ചോക്ലേറ്റ് വാങ്ങിയത്.

ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് അവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു. കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമ്മിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്ന നിലപാടാണ് നിർമ്മാതാക്കളും വ്യാപാരിയും സ്വീകരിച്ചത്.

ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ പ്രധാന വാദം.എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണ്ണമായും തള്ളി. ഉപഭോക്തൃ കോടതികളിലെ നടപടികൾ ലളിതവും സംക്ഷിപ്തവുമായ സ്വഭാവമുള്ളതാണെന്നും, സിവിൽ കോടതികളെപ്പോലെ എല്ലാ ഇപ്പോഴും കർശനമായ തെളിവുനിയമങ്ങൾക്ക് അനുസൃതമായി മാത്രം ഇതിനെ വിലയിരുത്താൻ കഴിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ലാബ് റിപ്പോർട്ട് ഇല്ലെങ്കിൽപ്പോലും, കുടുംബം കോടതിയിൽ സമർപ്പിച്ച ചോക്ലേറ്റിന്റെ വ്യക്തമായ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ചോക്ലേറ്റിൽ പുഴുക്കൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കിയതായും കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *