പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു

മുംബൈ: പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു. കാറിന്റെ സ്റ്റിയറിങ് വീലിലെ എയർബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു. മിരാ റോഡ് (ഈസ്റ്റ്) തിയാര ഹിൽസ് നിവാസിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബുധനാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. സോണി കാറിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാഷിമിര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉടനടി സ്ഥലത്തെത്തി സോണിയെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. എയർബാഗ് പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടർന്ന് അതിന്റെ പ്ലാസ്റ്റിക് കവർ തെറിച്ച് സോണിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ശക്തമായി ഇടിച്ചതാവാമെന്ന് അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ എസ്.എസ് കാഷിദ് പറഞ്ഞു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സോണിക്ക് വലിയ തോതിൽ രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് ബോധരഹിതനാവുകയായിരുന്നു. അപകടസമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ രക്തം വാർന്നത് മരണത്തിന് കാരണമാകുകയായിരുന്നുവെന്നും ഇൻസ്‌പെക്ടർ വ്യക്തമാക്കി.

പ്രാഥമിക പരിശോധനയിൽ വാഹനം മറ്റൊന്നുമായും കൂട്ടിയിടിച്ചതിന്റെയോ പുറത്തുനിന്ന് കേടുപാടുകൾ സംഭവിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര കാംബ്ലെ പറഞ്ഞു. വാഹനം നിശ്ചലാവസ്ഥയിലായിരുന്നു. പുറത്തുനിന്ന് യാതൊരുവിധ ആഘാതവും ഉണ്ടായിട്ടില്ല. സ്റ്റിയറിങ് വീലിലെ എയർബാഗ് സ്വയം പുറത്തേക്ക് വരികയും പ്ലാസ്റ്റിക് കവചം ഇരയുടെ കഴുത്തിൽ ഇടിക്കുകയുമായിരുന്നു. ഇതാണ് മാരകമായ പരിക്കിന് കാരണമായത്. ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് കാറിനുള്ളിൽ നിന്ന് രക്തസാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *