കരാക്കസ്: വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ 920 പേർ കൊല്ലപ്പെട്ടതായും 3,360 പേർക്ക് പരിക്കേറ്റതായും സർക്കാർ സ്ഥിരീകരിച്ചു. അമ്പതിനായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കുകളോടെ പലരെയും പുറത്തെടുക്കാനായതിനാൽ പ്രിയപ്പെട്ടവരെ ജീവനോടെ തിരികെക്കിട്ടുമെന്ന് പ്രത്യാശിക്കുന്നു ചിലർ.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ വീണ്ടും ശക്തമായ ഭൂകമ്പങ്ങളുണ്ടായി. രണ്ട് ശക്തമായ ഭൂചലനങ്ങൾ വെനസ്വേലയിൽ ഉണ്ടായിട്ട് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും പ്രകമ്പനമുണ്ടായത്.
ബുധനാഴ്ച നിമിഷങ്ങളുടെ ഇടവേളയിലാണ് വെനസ്വേലയിൽ രണ്ട് ശക്തമായ ഭൂചലനങ്ങളുണ്ടായത്. 7.2, 7.5 തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളാണ് ബുധനാഴ്ച വെനസ്വേലയിൽ ഉണ്ടായത്. ഇതിൽ രണ്ടാമത്തേത് കഴിഞ്ഞ നൂറുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പങ്ങളിലൊന്നാണ്; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ദുരന്തപശ്ചാത്തലത്തിൽ, വെനസ്വേലയ്ക്കുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഒക്ടോബർ 23 വരെ ഇളവുചെയ്യുമെന്ന് യു.എസ്. ട്രഷറി വകുപ്പ് അറിയിച്ചു.
ഭൂകമ്പബാധിതമേഖലകളിൽ യു.എസ്. നടത്തുന്ന രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാൻ യു.എസ്. സൈന്യത്തിന്റെ സതേൺ കമാൻഡ് (സൗത്ത്‌കോം) ജനറൽ കെവിൻ ജെ. ജെറാർഡ് വെള്ളിയാഴ്ച കരാക്കസിലെത്തി. ഭൂകമ്പത്തെത്തുടർന്ന് വെനസ്വേലയിലെ ഇടക്കാലസർക്കാർ യു.എസിനോട് ഔദ്യോഗികമായി സഹായം അഭ്യർഥിച്ചിരുന്നു.വെനസ്വേലയ്ക്കുള്ള സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ വെള്ളിയാഴ്ച കരാക്കസിലേക്ക് തിരിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. മരുന്നുൾപ്പെടെ 35 ടൺ അവശ്യവസ്തുക്കളും ഒൻപത് മെഡിക്കൽ ഓഫീസർമാരുൾപ്പെടെ 41 അംഗ മെഡിക്കൽ സംഘത്തെയുമാണ് ഇന്ത്യ അയച്ചത്. ഒപ്പം ഒരു സൈനിക ഫീൽഡ് ആശുപത്രിയും അയച്ചിട്ടുണ്ട്.
